Wednesday, 28 September 2011

സിനിമാ നടന്‍ രായപ്പന്‍ ആന്‍ഡ്‌ രാജപ്പന്‍

മലയാളദേശം എന്ന രാജ്യത്തെ സുപ്പര്‍ സ്റ്റാര്‍ എന്ന് സ്വയം അവകാശപ്പെടുന്ന  ഒരു സിനിമാ നടനെ കളിയാക്കാന്‍  തന്റെ പേരുകളായ 'രായപ്പന്‍', 'രാജപ്പന്‍' എന്നീ പേരുകള്‍ ഉപയോഗിക്കുന്നത് പവിത്രമായ ഈ പേരുകളെ നിഷ്ടൂരമായി അപമാനിക്കുന്നതിനു തുല്യമാണെന്ന് ശ്രീ ബഹുമാന്യ ബ്ലോഗ്ഗര്‍ രായപ്പന്‍ കുറ്റപ്പെടുത്തി.  രായപ്പന്‍ എന്നാണു തന്റെ യഥാര്‍ത്ഥ പേരെങ്കിലും രാജപ്പന്‍ എന്നത് തന്റെ ഓമന വിളിപ്പേരാണ്. (ഓമന തന്നെ അങ്ങനെയാണ് വര്‍ഷങ്ങളായി വിളിക്കുന്നത്‌). മലയാളദേശത്തെ എല്ലാ രായപ്പന്‍മാരെയും രാജപ്പന്മാരെയും അപമാനിക്കത്തക്ക വിധമാണ് ഇവിടെ കാര്യങ്ങള്‍ അരങ്ങേറുന്നത്.

ഇ-മെയില്‍, ഫെയ്സ്ബുക്ക്‌, ട്വിട്ടര്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെ തങ്ങളുടെ പേരുകള്‍ കൊല്ലാക്കൊല ചെയ്യപ്പെടുകയാണ്. ബോബനും മോളിയും പോലെ, മണ്ടന്‍ കുഞ്ചു പോലെ, ടിന്റു മോന്‍ പോലെ 'രായപ്പന്‍ ആന്‍ഡ്‌ രാജപ്പന്‍' എന്നൊരു ബ്രാന്‍ഡഡ് ഹാസ്യ കഥാപാത്രത്തെ സൃഷ്ടിക്കുന്നതിനെതിരെ സംസ്ഥാനത്തെ എല്ലാ രായപ്പന്മാരെയും രാജപ്പന്മാരെയും അണി നിരത്തുമെന്നു ബ്ലോഗ്ഗര്‍ രായപ്പന്‍ വ്യക്തമാക്കി.  മലയാളദേശത്തെ എല്ലാ തീയേറ്റര്‍കള്‍ക്ക് മുന്നിലും ധര്‍ണയും സമരവും സങ്കടിപ്പിക്കും. രാജ്യമൊട്ടാകെ ഹര്‍ത്താല്‍ നടത്തുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. അമ്മ-യോട് ആലോചിച്ച ശേഷം മാത്രമേ  അന്തിമ പ്രതിഷേധ പദ്ധതികള്‍ ഊര്ജിതമാക്കൂ. ചര്‍ച്ച ചെയ്ത ശേഷം അമ്മച്ചി പറയുന്ന പോലെ കാര്യങ്ങള്‍ നടപ്പിലാക്കും. 

ഇന്നുവരെ ഒറ്റ കല്യാണം പോലും കഴിക്കാത്ത തന്റെ കല്യാണം കഴിഞ്ഞെന്നും കല്യാണം ആരെയും കാണിച്ചില്ല എന്നും പറഞ്ഞു ഫോര്‍വേഡ് ഇ-മെയിലുകള്‍ ചവറുകള്‍ പോലെ പായുകയാണ്.  ഒരു കൂലിപ്പണിക്ക്  വേണ്ടി പോലും ഇന്നുവരെ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തിട്ടാല്ലാത്ത താന്‍ ഏഷ്യാവല  ചാനലിനു ഇന്റര്‍വ്യൂ കൊടുത്തതിന്റെ വ്യാജ ദൃശ്യങ്ങള്‍ 'യൂ'-കുഴലില്‍ നിറയുന്നു.. ഇന്ഗ്ലീഷിന്റെ എ.സി.ഡി.ബി. അറിയാത്ത തന്നെ ഇങ്ങ്ലീഷ്‌ സംസാരിക്കുന്നവന്‍ എന്ന് വിളിച്ചു വരെ ആക്ഷേപിക്കുന്നു.

സിനിമയിലും ജീവിതത്തിലും  ബലാത്സംഗ  സീന്‍ ഒഴികെ ഒറ്റ സീന്‍ പോലും നേരെ ചൊവ്വേ അഭിനയിക്കാന്‍  അറിയില്ലാത്ത താന്‍ സിനിമയില്‍ നായകനാകാം എന്ന് പറഞ്ഞു അഡ്വാന്‍സ് തുക കൈപ്പെറ്റിയെന്നും അതിനു ശേഷം അഭിനയിച്ചില്ല എന്നും പറഞ്ഞു ഒരു പഹയന്‍  ഇപ്പോള്‍ കേസ് കൊടുത്തിരിക്കുകയാണത്രെ. എന്തെല്ലാം സഹിക്കണം? എല്ലാം സഹിക്കാന്‍ രാജപ്പന്‍മാരുടെ ജന്മം ഇനിയും ബാക്കി; ബ്ലോഗ്ഗര്‍ രായപ്പന്‍ പൊട്ടിത്തെറിച്ചു.

അതിനിടെ,  തങ്ങളുടെ പേര് മാറ്റാന്‍ ആഗ്രഹിക്കുന്ന എല്ലാ രായപ്പന്മാര്‍ക്കും  രാജപ്പന്മാര്‍ക്കും സര്‍ക്കാര്‍ ചിലവില്‍ പേര് മാറ്റിക്കൊടുക്കണം എന്ന് പ്രതിപക്ഷ നേതാവ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

1 comment: